തിരുവനന്തപുരം : ശബരിമല സ്വര്‍ണമോഷണ കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഓരോന്നായി പുറത്തുവരുമ്പോള്‍, അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തരംതാണ പരാമര്‍ശങ്ങള്‍ നടത്തുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിക്ക് 'സ്ഥലകാലബോധം' നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള തരംതാഴ്ന്ന പ്രസ്താവനയുമായാണ് കെ സി വേണു?ഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ സ്ഥലകാലബോധത്തെക്കുറിച്ച് വേണുഗോപാല്‍ ആശങ്കപ്പെടേണ്ടതില്ല. മറിച്ച്, കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി എങ്ങനെയാണ് സന്ദര്‍ശിച്ചതെന്ന കാര്യത്തില്‍ മറുപടി പറയാനുള്ള ബാധ്യത വേണുഗോപാലിനുണ്ട്. അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രതിക്ക് ആരാണ് അവസരമൊരുക്കിയത്? എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ സി വേണുഗോപാല്‍ അറിയാതെ ഇത്തരം കൂടിക്കാഴ്ചകള്‍ നടക്കുമോ?

ഉണ്ണിക്കൃഷ്ണന്‍ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചുവെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവകരമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ലഭിക്കാത്ത ഈ അവസരം ഒരു കവര്‍ച്ചാ കേസിലെ പ്രതിക്ക് ലഭിച്ചത് ദുരൂഹമാണ്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം നടത്തുമ്പോള്‍ സത്യങ്ങള്‍ പുറത്തുവരും. കള്ളനെ കൈയ്യോടെ പിടികൂടുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തിയാണ് വേണുഗോപാലിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം അറിയാം. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ മോഷണ പ്രതികളുമായുള്ള ബന്ധം മറച്ചുവെക്കാനാകില്ല. വേണുഗോപാല്‍ ആദ്യം സ്വന്തം പാര്‍ടിയിലെ 'സ്വര്‍ണ' ബന്ധങ്ങളെക്കുറിച്ച് മറുപടി പറയട്ടെ.

ശബരിമല സ്വര്‍ണക്കള്ളക്കേസിലെ അന്വേഷണം നേരിടുന്ന ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എംപി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഗൗരവകരമാണ്. പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട സുതാര്യതയ്ക്ക് വിരുദ്ധമായ ഇത്തരം ഇടപാടുകള്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മുഖമാണ് തുറന്നുകാട്ടുന്നത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എന്‍ എം രാജുവില്‍ നിന്ന് 2 കോടി രൂപ വാങ്ങിയെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. എംപി തന്നെ ഇത് ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള പണം ഉപയോഗിച്ചാണോ കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.