കോഴഞ്ചേരി : 131ാം മാരാമണ്‍ കണ്‍വന്‍ഷന് ഞായറാഴ്ച തുടക്കമാകും. പമ്പാ നദിയിലെ മാരാമണ്‍ മണല്‍പ്പുറത്ത് ഒരുക്കിയിരിക്കുന്ന വിശാലമായ ഓല പന്തലില്‍ എട്ടുദിവസം കണ്‍വന്‍ഷന്‍ നീളും. 2.30 ന് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷനാകും. കണ്‍വന്‍ഷനില്‍ അമേരിക്കയില്‍ നിന്നുള്ള ഡോ. ക്ലിയോഫസ് ജെ ലാറു, സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ, ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് എന്നിവര്‍ മുഖ്യ പ്രസംഗകരാകും.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ നടക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രൊഫ. ഡോ ക്ലിയോഫസ് ജെ. ലാറു, വ്യാഴം, വെള്ളി ശനി ദിവസങ്ങളില്‍ ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് എന്നിവര്‍ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പകല്‍ 2.30ന് കുടുംബവേദി യോഗങ്ങളും നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് നാലിന് യുവവേദി യോഗം. ബുധന്‍ മുതല്‍ ശനി വരെ വൈകിട്ട് 7.30 മുതല്‍ ഒന്പതുവരെ ഹിന്ദി, ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ പ്രത്യേക യോഗങ്ങള്‍ ചേരും. 15ന് കണ്‍വഷന്‍ സമാപിക്കും.