കൊച്ചി: കളമശേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം കളമശേരി നഗരസഭാ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. മകന്‍ സാന്റണ്‍ ലാമയാണ് മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ചത്. ഭാര്യ റിനി ലാമയും മറ്റ് അടുത്ത ബന്ധുക്കളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

മൃതദേഹം ബംഗളൂരുവിലെ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും, മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, സൂരജ് ലാമയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്നും ഭാര്യ റിനി ലാമ ആരോപിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും രോഗിയായിരുന്ന സൂരജിന് കൃത്യമായ പരിചരണവും സഹായവും നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം ജീവനോടെ ഇരിക്കുമായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തില്‍ നീതി ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്നും റിനി ലാമ അഭ്യര്‍ത്ഥിച്ചു.