കൊച്ചി: എസ്എന്‍ഡിപി യോഗവും എന്‍എസ്എസും തമ്മിലുള്ള ലയനം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതുമായി ബന്ധപ്പെട്ട മാധ്യമ വിചാരണകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി പൊന്നുരുന്നിയില്‍ എസ്എന്‍ഡിപി യോഗം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നും നിലവിലെ സര്‍ക്കാരിനെക്കുറിച്ച് തനിക്ക് മോശം അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ ചര്‍ച്ചയാകുന്ന സ്വര്‍ണ്ണക്കൊള്ള വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സമുദായത്തിന് പ്രത്യേക ആവശ്യങ്ങളില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എന്‍ഡിപിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുമുണ്ട്, അവര്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പില്‍ സമുദായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം യോഗം ഉന്നയിക്കില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ശേഷം ബോര്‍ഡ് കൂടി ഔദ്യോഗിക അഭിപ്രായം പറയുമെന്നും അദ്ദേഹം അറിയിച്ചു.