കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ കളിപ്പാട്ടക്കടയില്‍ മോഷണം. 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങള്‍ നഷ്ടമായെന്നാണ് കണക്ക്. കടയിലെ സിസിടിവി ക്യാമറ തിരിച്ചുവെച്ച് അതിവിദഗ്ധമായാണ് മോഷണം നടത്തിയത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. കൊടുവള്ളി നെല്ലാംങ്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് സൈക്കിള്‍സ് ടോയ്‌സ് ആന്‍ഡ് ഗിഫ്റ്റ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ഒന്നരയോടെ മോഷ്ടാക്കളെത്തി എന്നാണ് നിഗമനം. കടയ്ക്ക് മുന്‍വശത്തായി സിസിടിവി ഉണ്ടായിരുന്നെങ്കിലും ക്യാമറ തിരിച്ചുവെച്ച് ഷട്ടറിന്റെ മുന്നില്‍ സ്ഥാപിച്ച ഗ്ലാസിന്റെ ലോക്ക് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.