- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടകര്‍ തമ്മില്‍ ഏറ്റുമുട്ടി; തടയാനെത്തിയ നാട്ടുകാര്‍ക്കും പരിക്ക്
കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടകര്‍ തമ്മില്‍ ഏറ്റുമുട്ടി

മലപ്പുറം: കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡിന് സമീപത്തെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കംഫര്‍ട്ട് സ്റ്റേഷനകത്തും പുറത്തും ഭിക്ഷാടനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. മദ്യപിച്ച് ലക്കുകെട്ട ഭിക്ഷക്കാര്‍ തമ്മില്‍ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ നാട്ടുകാര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഇതോടെ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ ഭയന്നു.
മദ്യപിച്ച് അക്രമാസക്തനായ ഇതര സംസ്ഥാനക്കാരനെക്കണ്ട് പേടിച്ചോടിയത് നിരവധി യാത്രക്കാരാണ്. അന്ധതയുടെ മറവില്‍ കൈയിലുണ്ടായിരുന്ന വടി വീശിയാണ് ഇയാള്‍ അക്രമസ്വഭാവം കാണിച്ചത്. അക്രമം തടയാന്‍ എത്തിയ നാട്ടുകാര്‍ക്ക് നേരേയും ഇയാള്‍ അക്രമം അഴിച്ചുവിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലീസാണ് ഭിക്ഷാടകരെ തുരത്തിയത്. കംഫര്‍ട്ട് സ്റ്റേഷന്‍ കരാറെടുത്ത ആളോട് സ്റ്റേഷനിലെത്താന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ഏതാനും മാസങ്ങളായി കംഫര്‍ട്ട് സ്റ്റേഷന്‍ ഭിക്ഷാടന മാഫിയയുടേയും സമൂഹവിരുദ്ധരുടേയും താവളമായിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പരിക്കുപറ്റിയ നാട്ടുകാര്‍ പോലീസിനും പഞ്ചായത്തിനും പരാതി നല്‍കുമെന്ന് അറിയിച്ചു. കരാറുകാരന്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പ് ഭിക്ഷാടന മാഫിയയ്ക്ക് മറിച്ചുവിറ്റതായാണ് നാട്ടുകാരുടെ ആരോപണം. ഭിക്ഷാടകരുടേയും സാമൂഹവിരുദ്ധരുടേയും താവളമായി കംഫര്‍ട്ട്‌സ്റ്റേഷന്‍ മാറിയതിനാല്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.


