തൃപ്പൂണിത്തുറ: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ ചതിയില്‍ കുടുങ്ങി മൂന്ന് കോടി രൂപ നഷ്ടമായ റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന്‍ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് വ്യാജ ട്രേഡിങ്ങില്‍പ്പെട്ട് മൂന്ന് കോടി രൂപയോളം രാജന്‍ നമ്പൂതിരിക്ക് നഷ്ടമായത്. അന്ന് മുതല്‍ അദ്ദേഹം കടുത്ത മനോവിഷമത്തിലായിരുന്നു.

പുലര്‍ച്ചെ ആരും അറിയാതെ വീട്ടില്‍ നിന്നും ഇറങ്ങി പോവുക ആയിരുന്നു. ഇന്നലെ 4.45നും 5.15നുമിടയില്‍ കടന്നുപോയ ട്രെയിന്‍ തട്ടുകയായിരുന്നുവെന്നാണ് വിവരം. ഓണ്‍ലൈന്‍ ട്രേഡിങില്‍ തല്‍പ്പരനായിരുന്ന ഇദ്ദേഹം പലതരത്തിലുള്ള ട്രെഡിങുകള്‍ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഒളിഞ്ഞിരുന്ന ചതി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

യു.എസ്.സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്. ട്രേഡിങിനായി നിക്ഷേപിച്ച തുക തിരിച്ചു നല്‍കാതെ പണം കൂടുതല്‍, കൂടുതലായി ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തുക തട്ടിയെടുത്തത്. മൂന്നാഴ്ച്ചയ്ക്കുള്ളിലായിരുന്നു മൂന്ന് കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച് സൈബര്‍ പൊലീസില്‍ രാജന്‍ നമ്പൂതിരി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.

ഒന്നര വര്‍ഷമായി എരൂര്‍ വെണ്ട്രപ്പിള്ളി അപ്പാര്‍ട്ട്‌മെന്റില്‍ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. സ്റ്റോക്ക് മാര്‍ക്കറ്റിലും ട്രേഡിങിലും തല്‍പ്പരനായിരുന്ന രാജന്‍ നമ്പൂതിരി മറ്റു പല ഓണ്‍ലൈന്‍ ട്രേഡിങ്ങുകളും ചെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം ചെറുതുരുത്തിയില്‍ സംസ്‌കരിച്ചു. ഭാര്യ: ഇന്ദിര (റിട്ട. ബി.എസ്.എന്‍.എല്‍), മക്കള്‍: സുകന്യ , സുജിത്ത് മരുമകന്‍: ശ്രീനാഥ്.