- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ആരോപണം: ഉദയഭാനുവിന് ആന്റോ ആന്റണിയുടെ വക്കീല്‍ നോട്ടീസ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; പത്തനംതിട്ടയില്‍ പോര് മുറുകുന്നു

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച സിപിഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ബംഗളൂരുവിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആന്റോ ആന്റണിക്കെതിരെ ഉദയഭാനു നേരത്തെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്‍.എം. രാജു എന്ന വ്യക്തിയില്‍ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും, ഇക്കാര്യത്തില്‍ വിവരാവകാശ നിയമപ്രകാരം തെളിവുകള്‍ ശേഖരിക്കുമെന്നും ഉദയഭാനു പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് എംപി നിയമനടപടിയിലേക്ക് നീങ്ങിയത്.
സിപിഎമ്മിന്റേത് തരംതാഴ്ന്ന രാഷ്ട്രീയം: ആന്റോ ആന്റണി
പൊതുജനങ്ങള്‍ക്ക് മുന്നൂറ് കോടിയോളം രൂപ നഷ്ടമുണ്ടാക്കി ജയില്‍വാസമനുഷ്ഠിച്ച ഒരു ധനകാര്യ സ്ഥാപന ഉടമയെ കരുവാക്കി സിപിഎം തരംതാഴ്ന്ന രാഷ്ട്രീയ കളി നടത്തുകയാണെന്ന് ആന്റോ ആന്റണി പ്രതികരിച്ചു. ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാവായ ഈ വ്യക്തിയില്‍ നിന്ന് താന്‍ രണ്ടു കോടി രൂപ കൈപ്പറ്റിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. പണം കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിടാന്‍ സിപിഎമ്മിനെയോ ആ വ്യക്തിയെയോ എംപി വെല്ലുവിളിച്ചു.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഈ വ്യക്തി സഹായിച്ചിരുന്നു എന്നത് സത്യമാണെന്നും എന്നാല്‍ ആ പണം ആവശ്യപ്പെട്ടപ്പോള്‍ തന്നെ തിരികെ നല്‍കിയതാണെന്നും ആന്റോ ആന്റണി വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


