കൊച്ചി: ശബരിമല കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള ആരോപണങ്ങളില്‍ ശക്തമായ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍ രംഗത്ത്. കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളെ ഭയക്കുന്നില്ലെന്നും അറസ്റ്റ് ഭീഷണി ഉയര്‍ത്തി നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊടിമര നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലും അഴിമതി നടന്നെന്ന ആരോപണങ്ങളെ അക്കമിട്ട് നിരത്തിയാണ് അജയ് തറയില്‍ പ്രതിരോധിച്ചത്. ഭക്തരില്‍ നിന്ന് ശേഖരിച്ച സ്വര്‍ണ്ണത്തിന്റെ കണക്കില്‍ യാതൊരു കുറവുമില്ല. മറിച്ച്, പ്രതീക്ഷിച്ചതിലും അധികമായി 412 ഗ്രാം സ്വര്‍ണ്ണം ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ നടന്ന അറ്റകുറ്റപ്പണികള്‍ മുഴുവന്‍ ഹൈക്കോടതിയുടെ കൃത്യമായ നിര്‍ദ്ദേശപ്രകാരമാണ് നടന്നത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

തനിക്കെതിരെയുള്ള നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. ഇത്തരം വേട്ടയാടലുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുന്‍ ബോര്‍ഡ് അംഗങ്ങളെയും മറ്റും ചോദ്യം ചെയ്യാനിരിക്കെയാണ് അജയ് തറയിലിന്റെ ഈ വെല്ലുവിളി. സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുണ്ടെന്ന കണ്ടെത്തലുകളെ തള്ളിക്കളയുന്നതിലൂടെ കേസില്‍ പുതിയ വാദമുഖങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്.