- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല കൊള്ളയില്‍ മാധ്യമ മൗനം; കുടുങ്ങിയത് യുഡിഎഫ്, പ്രതിപക്ഷ നേതാവ് ഉത്തരം പറയണമെന്ന് എം.വി. ഗോവിന്ദന്‍

മലപ്പുറം: ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ വസ്തുതകള്‍ പുറത്തുവന്നതോടെ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫിന്റെ കാലത്ത് നടന്ന കൊള്ളയാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2017-ല്‍ യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയാണ് ശബരിമലയില്‍ കൊടിമരക്കൊള്ള നടത്തിയത്. ഹൈക്കോടതി തന്നെ ഇതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ യുഡിഎഫിന്റെ അഴിമതി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്തകള്‍ ചമച്ചവര്‍ ഇപ്പോള്‍ വസ്തുതകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
വര്‍ഗ്ഗീയ കക്ഷിയായ ജമാഅത്തെ ഇസ്ലാമിക്ക് വി.ഡി. സതീശന്‍ വര്‍ഗ്ഗീയ വിരുദ്ധ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഗൗരവകരമാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടാണോ കോണ്‍ഗ്രസ് നയമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കണം. വര്‍ഗ്ഗീയതയോടുള്ള കോണ്‍ഗ്രസിന്റെ വിട്ടുവീഴ്ചയാണിതെന്നും ഗോവിന്ദന്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്ന വലിയ ജനപങ്കാളിത്തം ഭരണത്തിനുള്ള അംഗീകാരമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ ജാഥയെ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.


