- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ചൂട് അതികഠിനം; പകല്‍ 11 മുതല്‍ 3 വരെ പുറത്തിറങ്ങരുത്; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില അസാധാരണമാംവിധം ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
വേനല്‍ കടുക്കുന്നതിന് മുന്‍പേ പല ജില്ലകളിലും താപനില സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി. സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം എന്നിവ ഒഴിവാക്കാന്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു.
പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഈ സമയത്ത് അന്തരീക്ഷത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കൂടുതലായിരിക്കുമെന്നതാണ് പ്രധാന കാരണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം.
നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണം.
കഠിനമായ വെയിലില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ഉച്ചസമയത്ത് വിശ്രമം ഉറപ്പാക്കണം. സ്‌കൂളുകളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കണം.
കുട്ടികളെ വെയിലത്ത് നിര്‍ത്തുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം. പരീക്ഷാ ഹാളുകളില്‍ കുടിവെള്ളം ലഭ്യമാക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗബാധിതര്‍ എന്നിവര്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും ടൂറിസ്റ്റുകളും ജാഗ്രത പാലിക്കണം. മാര്‍ക്കറ്റുകള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്ത സാധ്യത ഒഴിവാക്കാന്‍ ഫയര്‍ ഓഡിറ്റ് നടത്തണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടരുത്. പക്ഷിമൃഗാദികള്‍ക്കായി തണലുകളില്‍ വെള്ളം കരുതി വെക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.


