- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കും; കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം പരിഗണനയില്‍: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കിടയിലെ സോഷ്യല്‍ മീഡിയ ആസക്തി തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയുടെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 13-ന് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. 15 വര്‍ഷത്തിന് ശേഷം പ്ലസ് വണ്‍ പാഠപുസ്തകങ്ങളില്‍ സമഗ്രമായ പരിഷ്‌കരണം വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടും സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി.
കേന്ദ്രത്തില്‍ നിന്ന് 1166 കോടി രൂപ ലഭിക്കാനുണ്ട്. എന്നാല്‍ കുട്ടികളുടെ കാര്യമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തി യൂണിഫോം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ശബരിമല കൊടിമരം പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ലേബര്‍ കോഡ് നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.


