അങ്കമാലി: കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലി കരയാംപറമ്പ് വരെ നീട്ടുന്നതിനായുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി സര്‍വ്വേ നടപടികള്‍ ഊര്‍ജ്ജിതമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങിക്കഴിഞ്ഞു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് എന്നിവയെ ഒരൊറ്റ ശൃംഖലയില്‍ ബന്ധിപ്പിക്കുന്ന വമ്പന്‍ പ്ലാനാണ് അണിയറയില്‍ ഒരുങ്ങുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുകൂടി മെട്രോ പോകുമ്പോള്‍ ഉയരപരിധിയും ശബ്ദമലിനീകരണവും വലിയ വെല്ലുവിളിയാണ്. ഇത് മറികടക്കാന്‍ വിമാനത്താവള പരിസരത്ത് ഭൂഗര്‍ഭ പാത (ഡിറലൃഴൃീൗിറ) നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം ശക്തമാണ്. ചെലവ് കൂടുമെങ്കിലും ഭൂമി ഏറ്റെടുക്കല്‍ മൂലമുള്ള കാലതാമസം ഒഴിവാക്കാന്‍ തുരങ്കപാത സഹായിക്കും. പരിസ്ഥിതി പഠനത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.

പദ്ധതി സംബന്ധിച്ച് റോജി എം. ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അങ്കമാലിയില്‍ ചേര്‍ന്ന ജനസഭയില്‍ അലൈന്‍മെന്റിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. വിമാനത്താവളത്തില്‍ നിന്ന് നായത്തോട് വഴി അങ്കമാലിയിലേക്ക് വരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇത് ഗ്രാമപ്രദേശമായ നായത്തോടിന്റെ വികസനത്തിന് സഹായിക്കുമെന്നാണ് ഇവരുടെ വാദം. എന്നാല്‍, അത്താണി വഴി തിരികെ ദേശീയപാതയോരത്ത് കൂടി വരണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ടെല്‍ക്, ഇന്‍കെല്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം ദേശീയപാതയോരത്താണെന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.