- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പണിമുടക്കില്‍ നിന്ന് എന്‍ജിഒ സംഘ് വിട്ടുനില്‍ക്കും; ജീവനക്കാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ നീക്കമെന്ന് ആക്ഷേപം

തിരുവനന്തപുരം: ഫെബ്രുവരി 12-ന് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് വെറും രാഷ്ട്രീയ പ്രഹസനമാണെന്ന് ആരോപിച്ച് കേരള എന്‍ജിഒ സംഘ് രംഗത്ത്. പണിമുടക്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നും സംസ്ഥാന ജീവനക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ചുള്ള ഈ സമരം ജീവനക്കാര്‍ തള്ളിക്കളയണമെന്നും എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവനും ജനറല്‍ സെക്രട്ടറി എസ്. രാജേഷും ആവശ്യപ്പെട്ടു.
സംസ്ഥാന ജീവനക്കാരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചും അവകാശങ്ങള്‍ നിഷേധിച്ചും ദ്രോഹിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ മിണ്ടാത്തവരാണ് ഇപ്പോള്‍ കേന്ദ്രത്തിനെതിരെ സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വര്‍ഷാവര്‍ഷം കേന്ദ്രത്തിനെതിരെ അനാവശ്യ സമരങ്ങള്‍ നടത്തി ഇടതു സര്‍വീസ് സംഘടനകള്‍ സ്വയം അപഹാസ്യരാവുകയാണ്. എന്തിനുവേണ്ടിയാണ് പണിമുടക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ, ഭരണ സ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി സമരത്തില്‍ പങ്കെടുപ്പിക്കാനാണ് സംഘടനകള്‍ ശ്രമിക്കുന്നതെന്നും എന്‍ജിഒ സംഘ് ആരോപിച്ചു.
ഭരണാനുകൂല സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ടെങ്കിലും എന്‍ജിഒ സംഘ് വിട്ടുനില്‍ക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. സമാന്തരമായി ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. രാഷ്ട്രീയ പ്രേരിതമായ പണിമുടക്കിനെതിരെ ജീവനക്കാര്‍ക്കിടയില്‍ തന്നെ അമര്‍ഷം പുകയുന്നതിനിടെയാണ് എന്‍ജിഒ സംഘിന്റെ ഈ കടുത്ത നിലപാട്.


