വെള്ളറട: അമ്പൂരിയിലെ മലയോര ജനതയുടെയും ആദിവാസി വിഭാഗങ്ങളുടെയും ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം. അമ്പൂരിയിലെ ഉള്‍പ്രദേശങ്ങളെ നാടുമായി ബന്ധിപ്പിക്കുന്ന കുമ്പിച്ചല്‍ക്കടവ് പാലം ഇന്ന് വൈകിട്ട് 5.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നെയ്യാര്‍ ജലസംഭരണിക്കും കരിപ്പയാറിനും കുറുകെ കിഫ്ബിയുടെ സഹായത്തോടെ 23 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത്തായ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കേരളത്തില്‍ ഒരൊറ്റ അണക്കെട്ടിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും നീളമേറിയ പാലം എന്ന സവിശേഷതയും ഇതിനുണ്ട്.

അമ്പൂരി പഞ്ചായത്തിലെ തൊടുമല വാര്‍ഡിലെ 11 ഊരുകളിലായി കഴിയുന്ന രണ്ടായിരത്തോളം കുടുംബങ്ങളുടെ അരനൂറ്റാണ്ടിലേറെക്കാലത്തെ സ്വപ്നമാണ് ഇന്ന് സഫലമാകുന്നത്. മുന്‍പ് ഒരു വണ്ടി എത്തണമെങ്കില്‍ കിലോമീറ്ററുകളോളം തമിഴ്നാട്ടിലൂടെ ചുറ്റിക്കറങ്ങേണ്ട അവസ്ഥയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് പോലും ഇത്തരത്തിലാണ് ഇവിടെ എത്തിയിരുന്നത്. പാലം വരുന്നതോടെ ഈ ദുരിതയാത്ര ചരിത്രമാകും.

അമ്പൂരിയെ ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്. 253 മീറ്റര്‍ നീളമുള്ള പാലത്തിന്റെ പില്ലറുകള്‍ക്കിടയില്‍ ഒരുകോടി രൂപ ചെലവില്‍ 'വീ പാര്‍ക്ക്' നിര്‍മ്മിക്കും. കഫറ്റീരിയ, കുട്ടികളുടെ പാര്‍ക്ക്, ബോട്ട് ഡെക്ക്, സെല്‍ഫി പോയിന്റ്, റീഡിങ് കോര്‍ണര്‍ എന്നിവ ഇതിന്റെ ഭാഗമായി സജ്ജീകരിക്കും. നെയ്യാര്‍ ഡാമില്‍ നിന്നെത്തുന്ന വിനോദസഞ്ചാര ബോട്ടുകള്‍ക്ക് തടസ്സമില്ലാതെ പാലത്തിനടിയിലൂടെ കടന്നുപോകാന്‍ 12.5 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.