- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പസംഗമം സുതാര്യമാണ്, മൂന്ന് കോടി തിരിച്ചടച്ചു; വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി പ്രശാന്ത്

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി വിവാദം കനക്കുന്നതിനിടെ വിശദീകരണവുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് രംഗത്ത്. സംഗമത്തിലെ ഇടപാടുകളെല്ലാം സുതാര്യമാണെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നാല് കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് മുന്‍കൂറായി എടുത്ത മൂന്ന് കോടി രൂപ തിരിച്ചടച്ചതായും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
അയ്യപ്പസംഗമത്തിന് ദേവസ്വം ബോര്‍ഡിന്റെ തനത് ഫണ്ട് ഉപയോഗിക്കില്ലെന്നും പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തുമെന്നുമാണ് നേരത്തെ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി ബോര്‍ഡ് ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ മുന്‍കൂറായി ചെലവാക്കിയത് വലിയ നിയമക്കുരുക്കിന് വഴിവെച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം ലഭിച്ച വിവരം യഥാസമയം കോടതിയെ അറിയിക്കാത്തതും ദുരൂഹത വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ഉടന്‍ തന്നെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രശാന്തിന്റെ നിലപാട്.
അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് കോടികളുടെ ബാധ്യതയുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റിന്റെ ഈ നീക്കം. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച തുക കൃത്യമായി വിനിയോഗിച്ചിട്ടുണ്ടെന്നും ബോര്‍ഡിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍, കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ലംഘിച്ച് എന്തിന് പണം വകമാറ്റി എന്ന ചോദ്യത്തിന് പ്രശാന്തിന്റെ വിശദീകരണം കോടതി എങ്ങനെ കാണുമെന്നത് നിര്‍ണ്ണായകമാണ്.


