- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളികളുടെ കൂടെ നില്ക്കാന് കോണ്‍ഗ്രസ് തയാറല്ല; ദേശീയ പണിമുടക്കിനെ അപമാനിക്കുന്നു: എളമരം കരീം

തിരുവനന്തപുരം: രാജ്യവ്യാപകമായി നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കിനിടെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ജാഥ നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.
പണിമുടക്ക് ദിവസം തന്നെ ജാഥയുമായി മുന്നോട്ട് പോകുന്നത് തൊഴിലാളികളുടെ വികാരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം ജാഥ മാറ്റിവെച്ചതുകൊണ്ട് തിരഞ്ഞെടുപ്പിനെ അത് ബാധിക്കില്ലായിരുന്നുവെന്നും തൊഴിലാളികളെ വെല്ലുവിളിക്കുന്ന സന്ദേശമാണ് യുഡിഎഫ് നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസും ഐഎന്‍ടിയുസിയും പണിമുടക്കുമായി സഹകരിക്കുമ്പോള്‍ കേരളത്തില്‍ മാത്രമാണ് വിട്ടുനില്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്നും കരീം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകരെ പണിമുടക്കില്‍ നിന്ന് കോണ്‍ഗ്രസ് വിലക്കിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അവര്‍ സംയുക്ത കണ്‍വെന്‍ഷനുകളിലും പ്രകടനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.
ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച ചെയ്താണ് പണിമുടക്കിന് തീരുമാനമെടുത്തത്. രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഇത് മനസ്സിലാകുന്നില്ല. പണിമുടക്ക് വിജയിപ്പിക്കാന്‍ ബലം പ്രയോഗിച്ചോ അക്രമം നടത്തിയോ ഒന്നും ചെയ്യേണ്ടതില്ലെന്നാണ് സമരസമിതിയുടെ പൊതുവായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ യുഡിഎഫ് ജാഥ മാറ്റിവയ്ക്കണമെന്ന് ഐഎന്‍ടിയുസി പോലും ആവശ്യപ്പെട്ടിരുന്നതായി പത്രവാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ സമീപനം വേദനാജനകമാണെന്നും എളമരം കരീം പറഞ്ഞു.


