തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്നതിനിടെ അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യവും അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നു. കോന്നി, മൂന്നാര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യുവി സൂചിക ഏഴില്‍ എത്തിയതോടെ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സൂചിക ആറിലെത്തി നില്‍ക്കുകയാണ്.

സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, കാഴ്ചശക്തിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണമാകും. പകല്‍ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങുന്നവര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.

ശരീരം മുഴുവന്‍ മറയുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങളാണ് ഈ സമയത്ത് ഉചിതം. മലമ്പ്രദേശങ്ങളിലും കടലോര മേഖലകളിലും പോകുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.