- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമയിഴഞ്ചാന്‍ തോട് കടന്നു പോകുന്ന സ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം തടയാന്‍ ക്യാമറകള്‍ സ്ഥാപിക്കണം : മനുഷ്യാവകാശ കമ്മീഷന്‍
ആമയിഴഞ്ചാന്‍ തോട് കടന്നു പോകുന്ന സ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം തടയാന്‍ ക്യാമറകള്‍ സ്ഥാപിക്കണം : മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന വിവിധ സ്ഥലങ്ങളില്‍ പരമാവധി ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യനിക്ഷേപം തടയണമെന്നും ക്യാമറകള്‍ നിരീക്ഷിക്കാന്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്മീഷന്റെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെ കേട്ടശേഷമാണ് ഉത്തരവ്.
രാത്രികാലങ്ങളില്‍ നിയോഗിച്ചിട്ടുള്ള ഹെല്‍ത്ത് സ്‌കാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം. അവരെ സഹായിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ നല്‍കാന്‍ ജില്ലാ കളക്ടര്‍ സിറ്റി പോലീസ് കമ്മീഷണറുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ആമയിഴഞ്ചാന്‍ തോട് തമ്പാനൂര്‍ റയില്‍വേ ഭാഗത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്തുള്ള മെറ്റല്‍ ഗ്രേറ്റിംഗ് താഴ്ത്തി വയ്ക്കണമെന്ന റെയില്‍വേയുടെ നിര്‍ദ്ദേശം പരിശോധിക്കണം. ഈ ഭാഗത്ത് അടിയുന്ന മാലിന്യങ്ങള്‍ ദിവസേന നീക്കം ചെയ്യാന്‍ റെയില്‍വേയുടെയും മേജര്‍ ഇറിഗേഷന്‍
വകുപ്പിന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി ഡപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) പ്രായോഗികമായ തീരുമാനം കൈക്കൊള്ളണം. കനാലില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംസ്‌കരിക്കാന്‍ ശുചിത്വമിഷന്‍ എം-പാനല്‍ നല്‍കിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കണം. കെ.എസ്.ആര്‍.റ്റി.സി. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപടിയെടുക്കണം.
കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ജില്ലാ കളക്ടര്‍ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തണം. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവുകള്‍ ആവശ്യമെങ്കില്‍ ഡപ്യൂട്ടി കളക്ടര്‍ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും ഉത്തരവില്‍ പറഞ്ഞു.
തോട്ടില്‍ ആളിറങ്ങി മാലിന്യം നീക്കം ചെയ്യാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ജെന്‍ റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കാറുണ്ടെന്ന് ശുചിത്വമിഷന്‍ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. തമ്പാനൂര്‍ കെ.എസ്.ആര്‍.റ്റി.സിയില്‍ എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിര്‍ദ്ദേശമുണ്ടെന്നും നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍, സിറ്റി പോലീസ് കമ്മീഷണര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, കെ.എസ്.ആര്‍.റ്റി.സി. തമ്പാനൂര്‍ ഡി.ടി.ഒ. എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.


