കോട്ടയം: പുതുപ്പള്ളിയുടെ പുണ്യമായി മാറിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയെപ്പോലും രാഷ്ട്രീയ പ്രചരണത്തിന് ഇരയാക്കി ഇടതുമുന്നണി. എല്‍.ഡി.എഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റര്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുകളില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. വിടപറഞ്ഞിട്ടും ജനമനസ്സുകളില്‍ ജീവിക്കുന്ന നേതാവിനോട് കാട്ടിയ ഈ അനാദരവ് സാംസ്‌കാരിക കേരളത്തിന് നാണക്കേടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ മാനസിക വൈകൃതം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പൊട്ടിത്തെറിച്ചു.

എല്‍.ഡി.എഫ് ജാഥയുടെ പോസ്റ്ററുകള്‍ കല്ലറയ്ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ടത് സി.പി.എമ്മിന്റെയും ഘടകകക്ഷികളുടെയും അറിവോടെയാണെന്നാണ് ഡി.സി.സി നേതൃത്വം ആരോപിക്കുന്നത്. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണി സംഭവത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം വ്യക്തിബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചിരുന്ന പുതുപ്പള്ളിയുടെ മണ്ണില്‍ കല്ലറയെപ്പോലും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് നാട്ടകം സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

വിഷയം വലിയ രാഷ്ട്രീയ ആയുധമാകുമെന്ന് കണ്ടതോടെ സി.പി.എം പ്രതിരോധത്തിലായി. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മിറ്റിയും കേരള കോണ്‍ഗ്രസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു ലഹരിക്ക് അടിമയായ വ്യക്തിയാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ നടത്തിയ നീക്കമാണിതെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ ഉറച്ച നിലപാട്.