- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണ്ണക്കൊള്ള; പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി! ഹൈക്കോടതി ഹര്‍ജി തള്ളി

കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ കവര്‍ന്ന കേസില്‍ മുഖ്യപ്രതികളിലൊരാളായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിക്ക് ഹൈക്കോടതിയില്‍ നിന്ന് കനത്ത പ്രഹരം. തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭണ്ഡാരി നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ. ബദറുദീന്‍ തള്ളി. ദ്വാരപാലക പാളി കേസില്‍ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസില്‍ പന്ത്രണ്ടാം പ്രതിയുമായ ഭണ്ഡാരിക്ക്, ഇതോടെ നിയമപോരാട്ടത്തില്‍ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അയ്യപ്പന്റെ തിരുസന്നിധിയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയില്‍ സ്ഥാപന ഉടമയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു.
താന്‍ നിരപരാധിയാണെന്നും പോലീസിനോട് പൂര്‍ണ്ണമായി സഹകരിച്ചിട്ടും തന്നെ അന്യായമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് ഭണ്ഡാരി കോടതിയില്‍ വാദിച്ചത്. തന്റെ സ്ഥാപനത്തില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ 109.234 ഗ്രാം സ്വര്‍ണ്ണം താന്‍ സ്വമേധയാ കൈമാറിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, സ്വര്‍ണ്ണക്കൊള്ളയില്‍ ഭണ്ഡാരിക്ക് നേരിട്ട് പങ്കുണ്ടെന്നും യാതൊരു കാരണവശാലും ഇയാള്‍ക്ക് ഇളവ് നല്‍കരുതെന്നും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (ടകഠ) കോടതിയില്‍ ആഞ്ഞടിച്ചു. ഭണ്ഡാരിയുടെ വാദങ്ങള്‍ വെറും പുകമറയാണെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം തുടരാന്‍ പച്ചക്കൊടി കാട്ടുകയായിരുന്നു.
2019 മുതല്‍ ശബരിമലയില്‍ നിന്നുള്ള സ്വര്‍ണ്ണപ്പാളികള്‍ മിനുക്കാനും സ്വര്‍ണ്ണം പൂശാനുമായി ചെന്നൈയിലെ ഭണ്ഡാരിയുടെ സ്ഥാപനത്തിലേക്കാണ് കൊണ്ടുപോയിരുന്നത്. ഭക്തിയുടെ മറവില്‍ നടന്ന ഈ നീക്കങ്ങള്‍ക്കിടയിലാണ് സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്‍ കുറവ് സംഭവിച്ചതായി കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ഭണ്ഡാരിക്ക് എതിരാണെന്നാണ് സൂചന. ശ്രീകോവിലിനുള്ളിലെ അമൂല്യമായ സ്വര്‍ണ്ണം കടത്തിയതിന് പിന്നില്‍ വന്‍ ലോബി തന്നെയുണ്ടെന്നും ഭണ്ഡാരി ഇതിലെ പ്രധാന കണ്ണിയാണെന്നും പോലീസ് ഉറച്ചു വിശ്വസിക്കുന്നു.
സന്നിധാനത്തെ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കാന്‍ മുംബൈ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള വിദഗ്ധര്‍ പരിശോധന തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക വിധി വരുന്നത്. സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ തിരിമറി നടത്തിയവര്‍ ആരൊക്കെയാണെന്ന സത്യം വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഭണ്ഡാരിയുടെ ഹര്‍ജി തള്ളിയതോടെ കേസില്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്നും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ ചുരുളഴിയുമെന്നും ഉറപ്പായി.


