- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഠപുസ്തക വിതരണത്തില്‍ 'തുഗ്ലക്ക്' കളി; മന്ത്രി ശിവന്‍കുട്ടിയെ വിമര്‍ശിച്ച് ചെന്നിത്തല

ആലപ്പുഴ: സ്‌കൂളുകള്‍ തുറക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്ത അധ്യയന വര്‍ഷത്തെ പുസ്തകങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുന്നത് 'തുഗ്ലക്ക് പരിഷ്‌കാരം' ആണെന്ന് ചെന്നിത്തല തുറന്നടിച്ചു. കുട്ടികള്‍ അടുത്ത ക്ലാസിലേക്ക് ജയിക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് ഈ അനാവശ്യ തിടുക്കമെന്നാണ് ചെന്നിത്തലയുടെ ചോദ്യം. മന്ത്രി ശിവന്‍കുട്ടിയുടെ 'അതിവേഗ' നടപടികളെ പുച്ഛിച്ചു തള്ളിക്കൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ുസ്തകം നേരത്തെ എത്തിക്കുന്നത് വലിയൊരു ഭരണനേട്ടമായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നതിനെ ചെന്നിത്തല ചോദ്യം ചെയ്തു. 'ഇതാണോ നിങ്ങളുടെ വലിയ ഭരണനേട്ടം? ഇതിനു മുന്‍പ് കേരളത്തില്‍ പുസ്തകങ്ങള്‍ കൊടുത്തിട്ടില്ലേ? ഇത് ആദ്യമായിട്ടാണോ ഇവിടെ പുസ്തകം വിതരണം ചെയ്യുന്നത്?' - ചെന്നിത്തല ആഞ്ഞടിച്ചു. വിതരണം തുടങ്ങാനുള്ള തിടുക്കത്തിന് പിന്നില്‍ എന്ത് യുക്തിയാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാറായെന്നും ഫെബ്രുവരി രണ്ടാം വാരത്തില്‍ വിതരണം തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. സാധാരണ അധ്യയന വര്‍ഷം തുടങ്ങുന്ന വേളയില്‍ പുസ്തകങ്ങള്‍ കിട്ടാതെ കുട്ടികള്‍ വലയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഫൈനല്‍ പരീക്ഷകള്‍ക്ക് മുന്‍പേ അടുത്ത ക്ലാസിലെ പുസ്തകങ്ങള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്നും ഇത് വെറും പ്രഹസനമാണെന്നുമാണ് ചെന്നിത്തലയുടെ നിലപാട്.


