മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സൈബര്‍ ആക്രമണം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ 1,50,000 കോടി രൂപ വേണം. കഴിഞ്ഞ ബജറ്റില്‍ 85000 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ ഇത് 30,000 കോടി രൂപയായി ചുരുക്കി. പദ്ധതി നാമാവശേഷമാക്കാനാണ് ശ്രമം. പദ്ധതിയുടെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന കൊണ്ടുവന്നു.

കേരള സര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സായി 1200 നല്‍കിയെന്നാണ് കെ കെ ശൈലജ ചുണ്ടിക്കാട്ടിയത്. രാജ്യത്ത് മറ്റെവിടെയെങ്കിലും നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. അതിന് പകരം കോണ്‍ഗ്രസിന്റെ സൈബര്‍ ഗുണ്ടകള്‍ വളഞ്ഞിട്ടാക്രമിക്കുകയാണ്. ജയിലിന്‍ നിന്നിറങ്ങിയ രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പെടുന്ന കള്ളക്കൂട്ടങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നത്-ഗോവിന്ദന്‍ പറഞ്ഞു.