കൊച്ചി: കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് കെല്‍ട്രോണിന്റെ രണ്ട് സുപ്രധാന പദ്ധതികളുടെ കരാറുകള്‍ ഒപ്പിട്ടു. കളമശ്ശേരി ചക്കോളാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പിട്ടത്. സൗത്ത് ഏഷ്യ- നോര്‍ത്ത് ആഫ്രിക്ക നാവികസേനയുമായുള്ള 18 കോടി രൂപയുടെ പാസീവ് സോണാര്‍ കയറ്റുമതി കരാര്‍, കോക്കോണിക്‌സ് ലാപ്‌ടോപ്പ് നിര്‍മാണ യൂണിറ്റിന്റെ പുനരുദ്ധാരണത്തിനായുള്ള ഓഹരി കൈമാറ്റം എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളാണ് ചടങ്ങില്‍ നടന്നത്.

2025ല്‍ കെല്‍ട്രോണ്‍ 300 സോണാര്‍ ഘടകങ്ങള്‍ നിയോ പവര്‍ വഴി കൃത്യസമയത്ത് മികച്ച ഗുണനിലവാരത്തോടെ കയറ്റുമതി നടത്തി സാങ്കേതിക മികവും കൃത്യനിഷ്ഠയും തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ആസ്ഥാനമായ 'മെസേഴ്‌സ് നിയോ പവര്‍' വഴിയുള്ള സൗത്ത് ഏഷ്യ-നോര്‍ത്ത് ആഫ്രിക്ക രാജ്യങ്ങളുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമായത്. കെല്‍ട്രോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ കയറ്റുമതി ഓര്‍ഡറാണിത്. 2019ല്‍ കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി, യുഎസ് ടി ഗ്ലോബല്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനിയാണ് കോക്കോണിക്‌സ്. തമിഴ്നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതികളില്‍ കെല്‍ട്രോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായ 'കെ എസ് സ്മാര്‍ട്ട്' കോക്കോണിക്‌സിന്റെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനാണ് രണ്ടാമത്തെ കരാര്‍.

നിയോ പവര്‍ എം ഡി എ എസ് വനേല്‍ക്കറും കെല്‍ട്രോണ്‍ എം ഡി ശ്രീകുമാര്‍ നായരും സൗത്ത് ഏഷ്യ നോര്‍ത്ത് ആഫ്രിക്ക നാവികസേനയുടെ 18 കോടി രൂപയുടെ ഉടമ്പടി കൈമാറി. കോക്കോണിക്‌സ് ലാപ്‌ടോപ്പുകളുടെ ഓഹരി കൈമാറ്റ ഉടമ്പടി കെ എസ് സ്മാര്‍ട്ട് ഡയറക്ടര്‍ രോഹന്‍ രാമസ്വാമി കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീകുമാര്‍ നായരില്‍ നിന്നും ഏറ്റുവാങ്ങി.