- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്; ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തലസ്ഥാനത്തേക്ക്; ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥന

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലന്‍സ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാര്‍ഗം ആംബുലന്‍സിലാണ് അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഗതാഗത തടസം ഒഴിവാക്കാന്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് പൊലീസ് ആംബുലന്‍സിന് വഴിയൊരുക്കുന്നത്. കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് കുന്നുംപുറം, ഇടപ്പള്ളി. വൈറ്റില, മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തന്‍കാവ്, ഏറ്റുമാനൂര്‍, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.
റോഡപകടത്തില്‍ ജീവന്‍ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. വൃക്കയും കരളഴും ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് നല്‍കുന്നത്. ഇന്‍ക്വസ്റ്റ് നടപടികളും ഗാര്‍ഡ് ഓഫ് ഓണറും പൂര്‍ത്തിയാക്കി കുഞ്ഞിന്റെ ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും, സംസ്ഥാന ബഹുമതികളോടെയാണ് മൃതദേഹം കൈമാറുക.
സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ ചരിത്രത്തിന്റെ ഭാഗമാകും. അവയവ ദാതാവും സ്വീകര്‍ത്താവും ഏറ്റവും പ്രായം കുറഞ്ഞവര്‍ ആണെന്ന പ്രത്യേകതയും ഈ അവയവദാനത്തിനുണ്ട്. രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്.


