കൊച്ചി: വിവാഹ മോചിതയായ യുവതിയോട് ചങ്ങാത്തം സ്ഥാപിച്ച് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹ ബന്ധം വേര്‍പെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവന്‍ സ്വര്‍ണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.

തുടര്‍ന്ന് സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ടി.ടി.ആര്‍ ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാള്‍ ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കാലടി പൊലീസ് അറിയിച്ചു.