തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നടത്തിപ്പില്‍ കണക്കിലെ ക്രമക്കേടുകളില്‍ പ്രതികരിച്ച് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. എന്നായാലും സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും പിഎസ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ ശബരിമലയില്‍ മാതൃകാപരമായ മണ്ഡലമകരവിളക്ക് മഹോത്സവം വിജയകരമായി നടത്തിയത് ആരും കാണാതെ വിവാദങ്ങള്‍ മാത്രമാണ് ചര്‍ച്ചയാകുന്നത്. ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകള്‍ക്ക് പോലും തങ്ങള്‍ കേള്‍ക്കുന്ന പേര് ദോഷം ഭയങ്കരമാണെന്നും പിഎസ് പ്രശാന്ത് കുറിച്ചു. ശബരിമല ശ്രീ ധര്‍മ്മശാസ്താവാണേ സത്യം, വസ്തുതകള്‍ അതെന്നായാലും പുറത്തുവരുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

പിഎസ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്നയാലും സത്യം പുറത്ത് വരും..

ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങള്‍ പിന്നിടങ്ങോട്ട് ശബരിമല സ്വര്‍ണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് ഉള്ളതും ഇല്ലാത്തതുമായ എന്തെല്ലാം നിറം പിടിപ്പിച്ച കഥകളാണ് ഓരോ ദിനവും പുറത്ത് വരുന്നത്.

ശബരിമലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ നടത്തിയ മാതൃകാപരമായ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ വിജയം ആരും ഓര്‍ക്കുന്നുപോലുമില്ല.ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വന്നിട്ടും അവര്‍ സംതൃപ്തിയോടെ മടങ്ങിയ മണ്ഡലകാലം ഉണ്ടായിട്ടുണ്ടോ.?

ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം അതല്ലേ.? ഇതൊന്നും ആരും ഒരു വാക്ക് പോലും മിണ്ടുന്നില്ല.

എന്നാല്‍ ഇത്തരം വിവാദങ്ങളില്‍ ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകള്‍ക്ക് പോലും ഞങ്ങള്‍ കേള്‍ക്കുന്ന പേര് ദോഷം എത്ര ഭയങ്കരമാണ്.

ശബരിമല ശ്രീ ധര്‍മ്മശാസ്താവാണെ സത്യം, വസ്തുതകള്‍ അതെന്നായാലും പുറത്ത് വരും. അതു വരെ ഇതൊക്കെ കണ്ടും കേട്ടും ദു:ഖഭാരത്തോടെ സഹിക്കുകയേ നിവൃത്തിയുള്ളു.

സ്വാമിയേ ശരണമയ്യപ്പ.