തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗിക പീഡനക്കേസില്‍ നിര്‍ണ്ണായക നീക്കം. വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി തിരുവല്ല മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇന്ത്യന്‍ എംബസി മുഖേന വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മൊഴി എടുത്തത്. ഹൈക്കോടതിയുടെ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ഈ നടപടി. ബുധനാഴ്ചയാണ് എംബസിയില്‍ വെച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

എംബസി അധികൃതര്‍ മുഖേന മൊഴി രേഖപ്പെടുത്തിയ ശേഷം ഇതിന്റെ പകര്‍പ്പില്‍ അതിജീവിതയുടെ ഒപ്പ് വാങ്ങുകയും ചെയ്തു. മുന്‍പ് ഒരുതവണ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ആവശ്യമെങ്കില്‍ നേരിട്ടെത്തി കൂടുതല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണസംഘം വരുംദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.