- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തുമോ എന്ന് അറിയാന്‍ താല്പര്യമുണ്ട്. നിലപാടില്‍ മാറ്റം ഉണ്ടെങ്കില്‍ പറയാന്‍ ധൈര്യം കാണിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന് യുവതികള്‍ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്. അത് തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിച്ചതാണ് കേരള ജനത. ഇനിയും അനുഭവിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല. നിലപാട് തിരുത്തണം എന്നത് കേരളത്തിന്റെ ആവശ്യമാണ് തിരുത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.
അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുക.
2019 ന് ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഒന്‍പതംഗ ബെഞ്ച് ഹര്‍ജികളില്‍ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്നതിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലുമടക്കം തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയില്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാകും.


