തിരുവനന്തപുരം:സംസ്ഥാനത്ത് ഇടതുമുന്നണി നടത്തുന്ന ജാഥ അഭൂതപൂര്‍വമായ ജനമുന്നേറ്റമായി മാറുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നെല്ലുല്‍പാദനം വര്‍ധിപ്പിക്കുന്നത് രാജ്യത്തിന് ബാധ്യതയാകുമെന്ന കേന്ദ്ര നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. അമേരിക്കയുമായുള്ള കരാറുകള്‍ കാര്‍ഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കും. നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാനം നല്‍കുന്ന പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം നല്‍കേണ്ട തുക കുടിശികയായി കിടക്കുമ്പോഴും യുഡിഎഫ് ഇക്കാര്യം ചൂണ്ടിക്കാണിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിനെതിരെയും എം വി ഗോവിന്ദന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഈ കൂട്ടുകെട്ടിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് ലഭിക്കുന്ന സ്വീകാര്യത മതരാഷ്ട്ര വാദത്തിന് ഊര്‍ജമാകുമെന്നും ഇത് സമൂഹത്തില്‍ വലിയ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ സംഘപരിവാറിന് വളമാകും എന്ന കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ് ഗൗരവതരമാണ്.

പണ്ട് നിലനിന്നിരുന്ന 'കോലീബി' (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസ്, ലീഗ്, ബിജെപി, ജമാഅത്തെ ഇസ്ലാമി എന്നിവര്‍ ചേര്‍ന്നുള്ള ഈ അവിശുദ്ധ സഖ്യത്തിന്റെ കോര്‍ഡിനേറ്ററായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാറിയിരിക്കുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.