- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റ് വെച്ചുമാറുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും; വിജയ സാധ്യത നോക്കി യുവാക്കളെയും സ്ഥാനാര്‍ത്ഥികളാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം ഇരിക്കുമെന്നും നീക്കുപോക്കുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സീറ്റ് വെച്ചുമാറുന്ന കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. യുവാക്കളുടെ കാലമാണിത്. വിജയ സാധ്യത നോക്കി അവരെ സ്ഥാനാര്‍ത്ഥികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി ഐക്യം സംബന്ധിച്ചും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. സുന്നി ഐക്യം അനിവാര്യമായിരുന്നു. ആരും അതിനെ എതിര്‍ക്കുന്നില്ല. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുകൂലമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഇക്കാര്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല ഐക്യം. താനും പാണക്കാട് കുടുംബവും ഐക്യ ചര്‍ച്ചയുടെ ഭാഗമായിട്ടുണ്ട്. ഐക്യ ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്ത ഇ കെ വിഭാഗവും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന എ പി വിഭാഗവും തമ്മിലുള്ള ഐക്യം സജീവ ചര്‍ച്ചയിലാണുള്ളത്. ജിഫ്രി തങ്ങള്‍ ഐക്യത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ഐക്യം കാലം ആവശ്യപ്പെടുന്നതാണെന്നും ഐക്യത്തിന് ആരും എതിരല്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു.


