- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടമണ്‍പാറ വനത്തില്‍ പടര്‍ന്ന കാട്ടുതീ വ്യാപകമായി; ഉള്‍ക്കാട്ടില്‍ വന്‍ മരങ്ങള്‍ കടപുഴകി വീഴുന്നു: കാടിറങ്ങി മൃഗങ്ങള്‍
കോട്ടമണ്‍പാറ വനത്തില്‍ പടര്‍ന്ന കാട്ടുതീ വ്യാപകമായി

സീതത്തോട്: രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അള്ളുങ്കല്‍, കോട്ടമണ്‍പാറ വനത്തില്‍ പടര്‍ന്ന കാട്ടുതീ വീണ്ടും വ്യാപകമായി. റാന്നി ഡിവിഷനില്‍പെട്ട വനമേഖലയില്‍ മൂന്ന് ദിവസമായി പടരുന്ന തീ ഇന്നലെ കോട്ടമണ്‍പാറ ഭാഗത്തേക്ക് വ്യാപിച്ചു. ഒട്ടേറെ മരങ്ങള്‍ കത്തിച്ചാമ്പലായി നിലംപൊത്തി. ഉള്‍ക്കാട്ടില്‍ വന്‍ മരങ്ങള്‍ കടപുഴകി വീഴുകയാണ്. ഇതോടെ തീ അണയ്ക്കാന്‍ വനംവകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നാവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍. തീ പടര്‍ന്നതോടെ വന്യമൃഗങ്ങളും കാടിറങ്ങിയിട്ടുണ്ട്.
കേഴ, മ്ലാവ്, ഉടുമ്പ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങള്‍ ജനവാസമേഖലയിലേക്കു എത്തി. ആന, കാട്ടുപോത്ത്, പുലി തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യവും ഈ കാട്ടിലുണ്ട് എന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. ഇതിനോടകം ഹെക്ടര്‍ കണക്കിനു സ്ഥലത്തിനു തീപിടിച്ചതായാണ് സൂചന. ഉച്ചയോടെ തടത്തില്‍ പാറയുടെ ചുറ്റും പടര്‍ന്ന തീ വൈകുന്നേരത്തോടെ ജനവാസ മേഖലയോടു ചേര്‍ന്നെത്തി. തേക്ക്, കടമരം, വെണ്‍തേക്ക് തുടങ്ങിയ ഒട്ടേറെ മരങ്ങളുടെ ചുവടിനു തീ പിടിച്ചിട്ടുണ്ട്. ഇവയെല്ലാം ഏതു സമയത്തും നിലംപൊത്താം. ഉള്‍ക്കാട്ടിലെത്തിയാല്‍ മരം വീഴുന്ന ശബ്ദം കേള്‍ക്കാം.
രാജാമ്പാറ സ്റ്റേഷനിലെ വനപാലകരും വനംസംരക്ഷണ സമിതി പ്രവര്‍ത്തകരും ഇന്നലെ രാവിലെ അള്ളുങ്കല്‍ വനത്തില്‍ എത്തി. ഫയര്‍ലൈന്‍ തെളിക്കുന്ന ജോലികള്‍ തുടര്‍ന്നു. പകല്‍ നീറിപ്പുകഞ്ഞ് നില്‍ക്കുന്ന തീ രാത്രിയോടെ വ്യാപകമാകുകയാണ് പതിവ്. ഏറെനാളിനു ശേഷമാണ് മേഖലയില്‍ ശക്തമായി കാട്ടുതീ പടരുന്നത്.


