കൊച്ചി: സംസ്ഥാനത്തെ കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന കൊറിയന്‍ ഭ്രമം തടയാന്‍ ബോധവത്ക്കരണ കാമ്പയില്‍ നടത്താന്‍ പോലിസ് ഒരുങ്ങുന്നു. ഇപ്പോള്‍ പരീക്ഷാക്കാലം ആയതിനാല്‍ അടുത്ത അധ്യയന വര്‍ഷമാകും കാമ്പയിന്‍ തുടങ്ങുക. കൊറിയന്‍ ഭ്രമം തലയ്ക്ക് പിടിച്ച് എറണാകുളം ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.

സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവന്‍ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്. ഇതു മുന്‍നിര്‍ത്തി കൗമാരക്കാര്‍ക്കിടയിലെ കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും ചതിക്കുഴികളെ കുറിച്ച് ബോധവത്കരിക്കുകയുമാണ് കാമ്പയ്‌നിന്റെ ലക്ഷ്യമെന്ന് എറണാകുളം റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ വ്യക്തമാക്കി.

കേരളത്തിലെ കൗമാരക്കാരില്‍ കൊറിയന്‍ ഭ്രമം വര്‍ധിച്ചു വരികയാണ്. കൊറിയന്‍ സിനിമകളിലും സംഗീത ആല്‍ബങ്ങളിലും ആകൃഷ്ടരായി കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി തേടി പോകാനുമൊക്കെയുള്ള ആഭിമുഖ്യം കേരളത്തിലെ കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്നതായാണ് വ്യക്തമാകുന്നത്. ഇതു മുതലെടുത്ത് ചതിക്കുഴികളൊരുക്കുന്നവരുമുണ്ട്. ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് സ്‌കൂളുകളിലും കോളജുകളിലും കാമ്പയ്ന്‍ നടത്തുക. സൈബര്‍ പൊലീസ് ഉള്‍പ്പെടുന്ന സംഘത്തെയും ഇതിനായി ഉപയോഗിക്കും.

ഇപ്പോള്‍ പരീക്ഷാക്കാലം ആയതിനാല്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങിയ ശേഷമാകും കാമ്പയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി. അതേസമയം, ആദിത്യയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുകയാണ്. പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ്.പി പറഞ്ഞു.