- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ അള്‍ട്രാവയലറ്റ് ഭീതി; ചര്‍മ്മരോഗങ്ങളും സൂര്യാതപവും വില്ലനായേക്കാം; ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ച്ചൂട് കനക്കുന്നതിനിടെ പുതിയ വില്ലനായി 'അള്‍ട്രാവയലറ്റ്' രശ്മികളും. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ അപകടകരമായ രീതിയില്‍ അള്‍ട്രാവയലറ്റ് (യു.വി) സൂചിക ഉയര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സൂചിക 'ആറ്' രേഖപ്പെടുത്തിയതോടെ ഈ പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെയിലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് ത്വക്ക് രോഗങ്ങളും നേത്രരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തെ ചങ്ങനാശേരി, ഇടുക്കിയിലെ മൂന്നാര്‍, വയനാട്ടിലെ മാനന്തവാടി എന്നിവിടങ്ങളിലാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. യു.വി സൂചിക എട്ട് കടന്നാല്‍ ഓറഞ്ച് അലര്‍ട്ടും 11 കടന്നാല്‍ റെഡ് അലര്‍ട്ടുമാണ് നല്‍കുക. നിലവില്‍ ആറ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
രാവിലെ 10 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെയുള്ള സമയത്താണ് അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവം ഏറ്റവും കൂടുതല്‍. ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിക്കുന്നു. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചര്‍മ്മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും യു.വി രശ്മികള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.
പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും കരുതണം. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കും. മലമ്പ്രദേശങ്ങളിലും ജലാശയങ്ങള്‍ക്ക് സമീപവും അള്‍ട്രാവയലറ്റ് പ്രതിഫലനം കൂടുതലായതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ പോകുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും യു.വി രശ്മികള്‍ അപകടകാരികളാകാമെന്ന് ദുരന്തനിവാരണ അതോറിറ്റി ഓര്‍മ്മിപ്പിക്കുന്നു.


