- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരില്‍ കനല് അടങ്ങുന്നില്ല; ബൈക്ക് കത്തിയ കേസില്‍ പോലീസ് 'ഉറക്കത്തില്‍'; പിരിവ് സുതാര്യമെന്ന് ജാഗ്രത കൂട്ടായ്മ

പയ്യന്നൂര്‍: പയ്യന്നൂരിലെ സി.പി.എം വിഭാഗീയത വീണ്ടും തെരുവിലേക്ക്. മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആക്ഷേപവുമായി 'ജാഗ്രത പയ്യന്നൂര്‍' കൂട്ടായ്മ രംഗത്ത്. കുറ്റവാളികളെ പിടികൂടാന്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അധികൃതരുടെ മൗനം പ്രതിഷേധാര്‍ഹമാണെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ ചങ്ങാത്ത മുതലാളിത്തത്തെ തുറന്നുകാണിക്കാനുള്ള പോരാട്ടത്തിലാണ് തങ്ങളെന്ന് ജാഗ്രത പയ്യന്നൂര്‍ സെക്രട്ടറി യു. മാധവന്‍ വ്യക്തമാക്കി.
ബൈക്ക് കത്തിച്ചവര്‍ക്കെതിരെ നിയമനടപടി വൈകുമ്പോള്‍, പ്രവര്‍ത്തകന് പുതിയ ബൈക്ക് വാങ്ങി നല്‍കാനുള്ള തീവ്രശ്രമത്തിലാണ് ജാഗ്രത കൂട്ടായ്മ. സുതാര്യമായ രീതിയിലാണ് ഫണ്ട് ശേഖരണം നടക്കുന്നത്. ബൈക്ക് വാങ്ങാന്‍ ആവശ്യമായ തുക ലഭിച്ചാലുടന്‍ പിരിവ് നിര്‍ത്തുമെന്നും പൊതുവേദിയില്‍ വെച്ച് ബൈക്ക് കൈമാറുമ്പോള്‍ കൃത്യമായ കണക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. വി. കുഞ്ഞികൃഷ്ണന്‍ പക്ഷത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ ജനകീയ പിരിവ്.
സി.പി.എമ്മിന്റെ കോട്ടയായ പയ്യന്നൂരില്‍ നേതൃത്വത്തിനെതിരെയുള്ള പടയൊരുക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന ചങ്ങാത്ത മുതലാളിത്തത്തെയും അഴിമതിയെയും തുറന്നുകാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു. മാധവന്‍ പറഞ്ഞു. ഫണ്ട് തിരിമറി ആരോപണങ്ങള്‍ക്കും വിഭാഗീയതയ്ക്കും പിന്നാലെ നടന്ന ബൈക്ക് കത്തിക്കല്‍ സംഭവം പയ്യന്നൂരില്‍ സി.പി.എം വലിയ പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ജാഗ്രത കൂട്ടായ്മയുടെ തീരുമാനം.


