- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷന്‍ 'സ്‌കില്‍ ഗാര്‍ഡ്': ഗ്രാമീണ കൗശല്യ യോജന പദ്ധതിയില്‍ വ്യാപക അഴിമതി; അന്വേഷണം തുടരാന്‍ വിജിലന്‍സ്

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ നടത്തിപ്പില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും വിജിലന്‍സ് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. 'ഓപ്പറേഷന്‍ സ്‌കില്‍ ഗാര്‍ഡ്' എന്ന പേരില്‍ സംസ്ഥാനത്തുടനീളം 62 കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. പരിശീലനം നല്‍കാതെ തന്നെ അഡ്മിഷന്‍ എടുത്തതായും, കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ജോലി ലഭിച്ചതായി കാണിക്കാന്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നിര്‍മ്മിച്ചതായും കണ്ടെത്തി.
പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍ നടത്തുന്ന ഇത്തരം ക്രമക്കേടുകള്‍ക്ക് സംസ്ഥാന-ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായും വിജിലന്‍സ് നിരീക്ഷിച്ചു. മലപ്പുറത്ത് ഏജന്‍സി ഉടമയുടെ തന്നെ കെട്ടിടം പദ്ധതിക്കായി വാടകയ്ക്കെടുത്ത് പ്രതിമാസം 10 ലക്ഷം രൂപ വരെ അമിത വാടകയിനത്തില്‍ മാറിയെടുത്തത് വിജിലന്‍സ് കൈയ്യോടെ പിടികൂടി. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഏജന്‍സികള്‍ക്ക് പണം അനുവദിച്ചതായും, സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ തന്നെ പരിശീലനാര്‍ത്ഥികളായി കാണിച്ച് ഫണ്ട് തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ കീഴില്‍ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് ഈ നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നത്. 47 പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജന്‍സികള്‍, സംസ്ഥാന ഓഫീസ്, 14 ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.


