- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറ്റില്‍ കത്രികയുമായി ജീവിച്ചത് അഞ്ച് വര്‍ഷം; ഉഷയ്ക്ക് താങ്ങായി കെ.സി വേണുഗോപാല്‍; ചികിത്സാ-നിയമ സഹായങ്ങള്‍ ഉറപ്പുനല്‍കി

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ കൊടിയ അനാസ്ഥയെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം വയറ്റില്‍ ശസ്ത്രക്രിയാ കത്രികയുമായി നരകയാതന അനുഭവിച്ച തൊഴിലുറപ്പ് തൊഴിലാളിയായ ഉഷയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി കെ.സി. വേണുഗോപാല്‍ എം.പി. ഉഷയുടെ തുടര്‍ചികിത്സയ്ക്കും നിയമപോരാട്ടത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഇന്നലെ തന്നെ ഉഷയുടെ കുടുംബാംഗങ്ങളുമായി കെ.സി. വേണുഗോപാല്‍ ഫോണില്‍ ബന്ധപ്പെടുകയും തുടര്‍ചികിത്സയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. അമൃത ആശുപത്രി അധികൃതരുമായി സംസാരിച്ച് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയതിന് ശേഷമാണ് ഉഷയെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യം അദ്ദേഹം ഏര്‍പ്പെടുത്തിയത്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്തുന്ന കാര്യങ്ങള്‍ അദ്ദേഹം ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിച്ച് വിലയിരുത്തിയിട്ടുണ്ട്. കൂടാതെ, ചികിത്സാ കാര്യങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നതിനായി എം.പി ഓഫീസില്‍ നിന്നുള്ള പ്രതിനിധികള്‍ രാവിലെ തന്നെ ആശുപത്രിയില്‍ എത്തിയിട്ടുമുണ്ട്.
എന്ത് അടിയന്തര ആവശ്യങ്ങള്‍ ഉണ്ടായാലും നേരിട്ട് വിളിക്കുന്നതിനായി ഉഷയുടെ മകന് എം.പി സ്വന്തം ഫോണ്‍ നമ്പര്‍ കൈമാറിയിട്ടുണ്ട്. വിവിധ കമ്മിറ്റികളുടെ തിരക്കുകള്‍ക്കിടയിലും മണിക്കൂറുകള്‍ ഇടവിട്ട് ഉഷയുടെ ആരോഗ്യ വിവരങ്ങള്‍ അദ്ദേഹം ഫോണിലൂടെ ചോദിച്ചറിയുന്നുണ്ട്. ചികിത്സയ്ക്ക് ശേഷം ആരോഗ്യവകുപ്പിന്റെ ഈ അനാസ്ഥയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ കുടുംബം തീരുമാനിച്ചാല്‍ അതിനും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കെ.സി വേണുഗോപാല്‍ ഉറപ്പുനല്‍കി.
ഇതിനായി രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ഉള്‍പ്പെടെ ലഭ്യമാക്കുമെന്നാണ് കുടുംബത്തെ അദ്ദേഹം അറിയിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ സിസ്റ്റം തകരാറുമൂലം കാലങ്ങളായി നീതി നിഷേധിക്കപ്പെട്ട ഉഷയ്ക്കും കുടുംബത്തിനും വലിയൊരാശ്വാസമാവുകയാണ് കെ.സി വേണുഗോപാലിന്റെ ഈ ഇടപെടല്‍.


