ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിന്റെ (59) പരാതിയിലാണ് നടപടി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു.

2021 മേയ് 10-നാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയ ഉഷയ്ക്ക് കടുത്ത വേദനയും നിര്‍ത്താതെയുള്ള രക്തസ്രാവവും അനുഭവപ്പെട്ടിരുന്നു. വര്‍ഷങ്ങളോളം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കൃത്യമായ കാരണം കണ്ടെത്താനായില്ല. ഒടുവില്‍ ഒരു യൂറോളജി വിദഗ്ദ്ധന്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയ വിവരം പുറംലോകമറിയുന്നത്.

സംഭവത്തില്‍ വീഴ്ചയുണ്ടായതായി പ്രാഥമികമായി വിലയിരുത്തിയ ആശുപത്രി അധികൃതര്‍, അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചു. ആര്‍.എം.ഒ ഡോ. ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സജീവ് കുമാര്‍, ഗൈനക്കോളജി പ്രൊഫസര്‍ ഡോ. അനുസൂയ, ഫോറന്‍സിക് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാഖിന്‍ എന്നിവര്‍ അംഗങ്ങളാണ്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് അന്ന് ശസ്ത്രക്രിയ നടന്നതെന്ന് സൂപ്രണ്ട് വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

കോവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് ശസ്ത്രക്രിയ നടന്നതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്നാണ് ചട്ടം. കേസ് ഷീറ്റില്‍ ഈ നടപടികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കത്രിക എങ്ങനെ വയറ്റില്‍ കുടുങ്ങിയെന്നത് ദുരൂഹമാണ്.

സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ആശുപത്രി സൂപ്രണ്ടിന്റെ വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.