തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടര്‍ പട്ടികയേക്കാള്‍ 15 ലക്ഷം പേര്‍ കൂടിയതായാണ് ഔദ്യോഗിക വിവരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് പട്ടികയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്.

കരട് വോട്ടര്‍ പട്ടികയേക്കാള്‍ 15 ലക്ഷം വോട്ടര്‍മാര്‍ കൂടിയിട്ടുണ്ട്. എന്നാല്‍ 53, 229 പേരെ അതില്‍ നിന്നൊഴിവായി. ലോക്സഭയിലെ വോട്ടര്‍ പട്ടികയേക്കാള്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. എന്നാല്‍ നിയമസഭാ വോട്ടര്‍ പട്ടികയേക്കാള്‍ എണ്ണം കൂടിയിട്ടുണ്ട്. അതിനിടെ കള്ള വോട്ടുകള്‍ വീണ്ടും കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എം.വി. ജയരാജന്‍ ആക്ഷേപിച്ചു. ബൂത്തുകള്‍ വന്‍തോതില്‍ പുനര്‍നിര്‍ണയിക്കപ്പെട്ടതിനാല്‍ വോട്ടര്‍മാര്‍ക്ക് നാലഞ്ചു കിലോമീറ്റര്‍ വരെ കൂടുതല്‍ പോകേണ്ടി വരുന്നെന്നും അതിനാല്‍ ബൂത്തുകള്‍ പുനക്രമീകരിക്കണമെന്നും കോണ്‍ഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് പറഞ്ഞു. എസ്‌ഐആര്‍ വഴി പൗരന്‍മാരെ പുറത്തുകളയുമെന്ന് വര്‍ഗീയ തലത്തില്‍ വരെ വ്യാഖ്യാനിച്ചവര്‍ ലജ്ജിച്ച് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു.