ശാസ്താംകോട്ട: നാടന്‍പാട്ട് സംഘത്തിന്റെ പിക്കപ്പ് വാന്‍ മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി (20) ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടന്‍പാട്ട് സംഘമാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടമുണ്ടായത്. ബവ്‌റിജസ് ഔട്ട്‌ലറ്റിന് സമീപത്തെ മരത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്നു യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു. ഇവര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.