മട്ടാഞ്ചേരി: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി യാത്രികന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ കൊച്ചങ്ങാടി സ്വദേശി ടി.എസ്. മുന്‍സില്‍ (28) പിടിയിലായി. ഫെബ്രുവരി രണ്ടിന് കരുവേലിപ്പടി ബസ് സ്റ്റോപ്പിന് സമീപത്താണ് സിനിമയെ വെല്ലുന്ന മോഷണം നടന്നത്.

കരുവേലിപ്പടിയില്‍ നിന്ന് ലിഫ്റ്റ് ചോദിച്ചാണ് പ്രതി ബൈക്കില്‍ കയറിയത്. തോപ്പുംപടി ജിയോ ബാറിന് സമീപം എത്തിയപ്പോള്‍ തനിക്ക് ഇവിടെ ഇറങ്ങണമെന്ന് മുന്‍സില്‍ ആവശ്യപ്പെട്ടു. ബൈക്ക് നിര്‍ത്തുന്നതിനിടെ യാത്രികന് ഒരു ഫോണ്‍ കോള്‍ വരികയും അദ്ദേഹം ഫോണ്‍ എടുത്ത് സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഈ തക്കം നോക്കി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് മുന്‍സില്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തോപ്പുംപടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.എന്‍. ഷാജുവിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്. പ്രതിയില്‍ നിന്ന് മോഷ്ടിച്ച ഫോണ്‍ പൊലീസ് കണ്ടെടുത്തു. പിടിയിലായ മുന്‍സില്‍ നിസ്സാരക്കാരനല്ലെന്ന് പൊലീസ് വ്യക്തമാക്കി. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, എറണാകുളം സെന്‍ട്രല്‍, കടവന്ത്ര തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.