തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടായേക്കാം. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി, ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം എന്നിവിടങ്ങളില്‍ ഇന്ന് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നാളെ (ഫെബ്രുവരി 23) തെക്കന്‍ ശ്രീലങ്കന്‍ തീരത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലര്‍ത്തണം.