കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും ജനവിധി തേടുമെന്ന് അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്കി. കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തില്‍ ശശീന്ദ്രന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന എന്‍.സി.പി നേതാവ് മുക്കം മുഹമ്മദിന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. മത്സരിക്കുന്നതില്‍ തീരുമാനം എടുക്കേണ്ടത് എന്‍സിപി നേതൃത്വമാണ്. ശശീന്ദ്രന്‍ മത്സരിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയ എന്‍സിപി നേതാവ് മുക്കം മുഹമ്മദിന് സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംഘടനാതലത്തില്‍ മറ്റൊരു തീരുമാനമുണ്ടായില്ലെങ്കില്‍ കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തില്‍ എ.കെ.ശശീന്ദ്രന്‍ മത്സര രംഗത്തുണ്ടാകുമെന്നു വ്യക്തമായി.

''തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ മത്സരിക്കാതിരിക്കാനോ ഞാനല്ല തീരുമാനമെടുക്കുക. അത് ജനാധിപത്യ വിരുദ്ധമായ നിലപാടാകും. ഞാന്‍ ജനാധിപത്യ വിശ്വാസിയാണ്. ഇടതുപക്ഷ മുന്നണിയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തകനാണ്. പാര്‍ട്ടി അച്ചടക്കത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ഒരാളാണ്. പാര്‍ട്ടി മത്സരിക്കണം എന്ന് പറഞ്ഞാല്‍ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മത്സരിക്കും. മത്സരിക്കരുത് എന്ന് പറഞ്ഞാല്‍ എത്ര സൗകര്യം ഉണ്ടെങ്കിലും മത്സരിക്കില്ല. ഞങ്ങള്‍ക്ക് ആകെ മൂന്ന് സീറ്റാണ് ഉള്ളത്. അത് മാസങ്ങള്‍ക്ക് മുന്‍പേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഒരു ദിവസം ഞങ്ങള്‍ ഒരു കമ്മിറ്റി വിളിച്ച് ആലോചിച്ചാല്‍ തീരുമാനിക്കാന്‍ കഴിയുന്ന ചെറിയൊരു കാര്യമാണത്. ആ സമയത്ത് എനിക്ക് ഉള്ള എന്റെ പ്രശ്‌നങ്ങള്‍ എന്റെ ആഗ്രഹങ്ങള്‍ അല്ലെങ്കില്‍ നല്ലതും ചീത്തയും രണ്ടും പറയും. രണ്ടും പറഞ്ഞിട്ട് ഏതാണ് നല്ലതെന്ന് പാര്‍ട്ടി തീരുമാനിക്കും പാര്‍ട്ടി തീരുമാനിച്ചാല്‍ എത്ര ബുദ്ധിമുട്ടുള്ള ഒരു ജോലിയാണെങ്കിലും ആ ബുദ്ധിമുട്ടുള്ള ജോലി ഞാന്‍ ഏറ്റെടുക്കും'' ശശീന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.ബാബു ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചത് സംബന്ധിച്ച് അത് ബാബുവിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു മറുപടി. ബാബു മത്സരിക്കണമോ വേണ്ടയോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ബാബുവിന്റെ ബുദ്ധിമുട്ടുകള്‍ പാര്‍ട്ടിയെ അറിയിച്ച് പാര്‍ട്ടിയാണ് അദ്ദേഹത്തിന് അനുവാദം കൊടുക്കേണ്ടത്. താന്‍ പഠിച്ച ജനാധിപത്യ ബോധം അതാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

തുടര്‍ച്ചയായി മൂന്നു വട്ടമാണ് ശശീന്ദ്രന്‍ എലത്തൂരില്‍ ജയിച്ചത്. 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കഴിഞ്ഞ തവണ എന്‍സികെയുടെ സ്ഥാനാര്‍ഥിയായി എതിര്‍പക്ഷത്തുണ്ടായിരുന്ന സുല്‍ഫിക്കര്‍ മയൂരിയെ തോല്‍പ്പിച്ചത്. 1980 മുതല്‍ ശശീന്ദ്രന്‍ മത്സര രംഗത്തുണ്ട്. എട്ടു തിരഞ്ഞെടുപ്പില്‍ വിജയം നേടിയ അദ്ദേഹം പത്തുവര്‍ഷത്തോളം മന്ത്രിപദത്തിലും ഉണ്ടായിരുന്നു.