- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രി കിരണ്‍ റിജിജു സിറോ മലബാര്‍ സഭാ ആസ്ഥാനത്ത്; ക്രൈസ്തവര്‍ക്ക് അതിന്യൂനപക്ഷ പദവി നല്‍കണമെന്ന് ആര്‍ച്ച് ബിഷപ്പ്

കൊച്ചി: ബി.ജെ.പി കേരളത്തില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി സിറോ മലബാര്‍ സഭാ നേതൃത്വത്തെ സന്ദര്‍ശിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു. കൊച്ചിയില്‍ വിവിധ പരിപാടികള്‍ക്കെത്തിയപ്പോഴാണ് അദ്ദേഹം കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നല്‍കണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ അഭ്യര്‍ഥിച്ചു.
സഭയുടെ ആവശ്യത്തെ അനുകൂലമായി പരിഗണിക്കുമെന്നും പ്രതിനിധികളെ അയക്കുമെന്നുമുള്ള ഉറപ്പും റിജിജു നല്‍കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു എം. ജേക്കബും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോണ്‍ ജോര്‍ജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അദ്ദേഹം സഭാ ആസ്ഥാനത്തെത്തിയത്.
എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്നും ന്യൂനപക്ഷ സമൂഹത്തിനുള്ള പിന്തുണ അറിയിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ഔദ്യോഗികമായി വത്തിക്കാനിലേക്ക് വീണ്ടും ക്ഷണം അയക്കുമെന്നും കൂടിക്കാഴ്ചക്കു ശേഷം രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.


