കോഴിക്കോട്: പയ്യോളിയിലും പരിസരത്തും അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പോലിസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ കാര്‍ത്തികേയന്‍ ,കാര്‍ത്തി മുരുകേശന്‍ എന്നിവരാണ് പിടിയിലായത്. സംഘത്തില്‍പ്പെട്ട ഒരാള്‍ക്കായി പോലിസ് അന്വേഷണം തുടരുകയാണ്. കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയില്‍ ദേശീയപാതയ്ക്കരികിലെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം. ആള്‍ത്താമസമില്ലാത്ത വീടുകള്‍ നോക്കിയാണ് കവര്‍ച്ച നടത്തുന്നത്.

പകല്‍ സമയങ്ങളില്‍ ആക്രിക്കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങുമാണ് ജോലി. എട്ടോളം വീടുകളില്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തിയതായി പയ്യോളി പോലീസിന് മനസ്സിലായി. കഴിഞ്ഞ രണ്ടുമാസമായി ഇത്തരത്തില്‍ ഇവര്‍ കവര്‍ച്ച നടത്തുന്നുണ്ട്. പോലീസിനൊപ്പം നാട്ടുകാരും കള്ളന്മാരെ പിടികൂടാനുള്ള ശ്രമം നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ പോലീസിന്റെയും ജാഗ്രത സമിതിയുടെയും നിരീക്ഷണത്തിനിടയിലാണ് കവര്‍ച്ചക്കിടെ ഒരാള്‍ പിടിയിലായത്.

കവര്‍ച്ച നടന്ന സ്ഥലങ്ങളില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെല്ലാം ഒരു ഗുഡ്സ് ഓട്ടോ ഉണ്ടായിരുന്നു. ഈ ഗുഡ്സ് ഓട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. പകല്‍ സമയങ്ങളില്‍ ആക്രി കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും മറയാക്കിയായിരുന്നു കവര്‍ച്ച.