- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിപാടായി നല്‍കിയ രണ്ട് പവന്റെ സ്വര്‍ണമാല കാണാതായി; ശാന്തിക്കാരന് സസ്‌പെന്‍ഷന്‍
വഴിപാടായി നല്‍കിയ രണ്ട് പവന്റെ സ്വര്‍ണമാല കാണാതായി; ശാന്തിക്കാരന് സസ്‌പെന്‍ഷന്‍

തെന്മല: ഭക്തന്‍ നല്‍കിയ സ്വര്‍ണമാല കാണാതായ സംഭവത്തില്‍ ശാന്തിക്കാരനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മാമ്പഴത്തറ ദേവീക്ഷേത്രത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഭക്തന്‍ സമര്‍പ്പിച്ച സ്വര്‍ണമാലയാണ് കണാതായത്. സംഭവത്തില്‍ അമ്പലത്തിലെ ശാന്തിക്കാരനായ മധുസൂദനശര്‍മയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് സസ്‌പെന്‍ഷന്‍ തീരുമാനമെടുത്തത്.
ഈമാസം അഞ്ചിനാണ് തമിഴ്‌നാട് സ്വദേശിയായ ഭക്തന്‍ രണ്ടുപവന്റെ സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡിന്റെ കണക്കില്‍ വന്നിരുന്നില്ല. ഇത് മാമ്പഴത്തറ സ്വദേശി ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. വിജിലന്‍സ് അധികൃതര്‍ ക്ഷേത്രത്തില്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ക്ഷേത്രത്തിന്റെ വഞ്ചിയില്‍ സ്വര്‍ണമാല ഇട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചു.
എന്നാല്‍ വിജിലന്‍സ് സംഘം ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വഞ്ചി തുറന്നുനോക്കിയെങ്കിലും മാല കണ്ടെത്താനായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ശാന്തിക്കാരനെതിരേ നടപടി സ്വീകരിച്ചത്.
സാധാരണയായി ഇത്തരത്തില്‍ മാല ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിലേക്ക് ലഭിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ അറിയിക്കേണ്ടതുണ്ട്. വഴിപാടായി ലഭിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ക്ഷേത്രത്തില്‍ ലഭിച്ചാലും ദേവസ്വം ഓഫീസിലേക്ക് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. മാല എവിടെ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.


