പാലക്കാട്: കോളേജ് ഹോസ്റ്റലിനുള്ളില്‍ ഐഐടി വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം. പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ വിദ്യാര്‍ത്ഥിനിയെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഡാറ്റ സയന്‍സ് എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ സേലം സ്വദേശിനിക്കാണ് തലയ്ക്ക് അടിയേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടയില്‍ ആയിരുന്നു ആക്രമണം. വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്ഞാതന്റെ ആക്രമണമായിരുന്നു എന്നാണ് പോലീസിനെ ലഭിച്ച മൊഴി. കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിലെ സിസിടിവിദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.