കൊല്ലം: അമിതവേഗത്തില്‍ പാഞ്ഞെത്തിയ ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ പത്തനാപുരം-അടൂര്‍ റൂട്ടില്‍ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു ജെസ്സി. ഇവര്‍ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് ജെസ്സി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജെസ്സിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പത്തനാപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്‌കാരം പിന്നീട് നടക്കും.