തൃശൂര്‍: വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ മരിച്ച രോഗിയോടു ഹിയറിങ്ങിനു ഹാജരാകാന്‍ ആരോഗ്യ വകുപ്പ് നോട്ടിസ് നല്‍കിയ സംഭവത്തിനു പിന്നാലെ രോഗിയും കുടുംബവും നേരിട്ട ക്രൂര അനുഭവങ്ങളുടെ വേദന പങ്കുവച്ചു ഭാര്യ ബിന്ദു. ഒത്തു തീര്‍പ്പിനെത്തിയ ഡോക്ടര്‍മാര്‍ പരുഷമായി പെരുമാറിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ ബിന്ദുവിന്റെ ഭര്‍ത്താവ് ജോസഫ് പോളിന്റെ വയറ്റില്‍ കത്രിക മറന്നുവച്ചതിന്റെ പേരില്‍ കോടതിയെ സമീപിച്ചതോടെയാണ് കടുത്ത മാനസിക പീഡനം നേരിട്ടത്.

ജോസഫിനു കാന്‍സറാണെന്ന സൂചനയുണ്ടായിരുന്നതിനാല്‍ 'ഒന്നരക്കൊല്ലം മാത്രം ജീവിക്കാന്‍ പോകുന്നയാള്‍ക്കു വേണ്ടി എന്തിനു വെറുതെ വാദിച്ചു നടക്കണം' എന്നു ഡോക്ടര്‍ ചോദിച്ചുവത്രെ. അതേസമയം, ജോസഫിന്റെ കുടുംബത്തിനു 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. അഞ്ചു വര്‍ഷം മുന്‍പു തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണു ജോസഫിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവമുണ്ടായത്.

ഓട്ടോ ഡ്രൈവറായ കൂര്‍ക്കഞ്ചേരി മാളിയേക്കല്‍ ജോസഫ് പോളിന്റെ (53) പേരിലാണു കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പില്‍ നിന്നു ഹിയറിങ്ങിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചത്. ജോസഫ് മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നറിയാതെയായിരുന്നു നോട്ടിസ്. ഹിയറിങ് തീയതി മാറ്റിവച്ചതായി ആരോഗ്യവകുപ്പ് പിന്നീടറിയിച്ചെങ്കിലും സംഭവം വിവാദമായതിനു ശേഷം തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല.