പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും 30 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ ഷഫീര്‍, സൗത്ത് പനമണ്ണ സ്വദേശിയായ വിനയന്‍ എന്നിവരാണ് പിടിയിലായത്. രണ്ട് വലിയ ട്രോളി ബാഗുകള്‍ക്കുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച 30 കിലോ കഞ്ചാവാണ് ഇരുവരും ചേര്‍ന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് പിറകുഭാഗത്തുള്ള ഗണേശ ഗിരി തെക്കേ റോഡിലാണ് കഞ്ചാവ് വേട്ട നടന്നത്.

സംശയം തോന്നിയ ഡാന്‍സാഫ് സംഘം ഇരുവരേയും പിടികൂടുക ആയിരുന്നു. ഷഫീറിനെയും വിനയനേയും സംശയാസ്പദമായി കണ്ടതോടെയാണ് ഡാന്‍സാഫ് സംഘം ഇരുവര്‍ക്കും അരികിലെത്തിയത്. ഇതോടെ ഇരുവരും ട്രോളി ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ പൊലീസ് സംഘം ഇരുവരേയും പിടികൂടി. ഒഡിഷയില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗം ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് സ്റ്റേഷന്റെ പിറകു ഭാഗത്തുകൂടെ പുറത്തു കടന്ന് തൃശ്ശൂരിലേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ഷഫീറും വിനയനും നിരവധി ലഹരിക്കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.